ഇടുക്കി: പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി. വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായ അമലാണ് സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിന് ഇരയായത്.
കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് സ്ഥിരം പ്രശ്നക്കാരായ നാല് വിദ്യാർത്ഥികൾ ചേർന്ന് അമലിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമലിനെ ആദ്യം ഇടുക്കി മെഡിക്കൽ കോളേജിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എന്നാൽ കുറ്റകൃത്യം നടത്തിയ വിദ്യാർത്ഥികളെ രക്ഷിതാക്കളുടെ ഉന്നതസ്വാധീനം ഉപയോഗിച്ചുകൊണ്ട് സംരക്ഷിക്കുകയാണെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും രാഷ്ട്രീയ നേതൃത്വം ഇതിന് പിന്നിലുണ്ടെന്നും ആശുപത്രിയിൽ കഴിയവേ വീണ്ടും ഈ കുട്ടിക്ക് നേരെ ഭീഷണി ലഭിച്ചതായും മാതാപിതാക്കൾ വ്യക്തമാക്കി. നിർധന കുടുംബത്തിലെ അംഗമായ ഈ വിദ്യാർത്ഥി പഠനത്തിൽ മിടുക്കനും സ്കൂളിൽ അധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവനുമാണ്. സംഭവത്തിൽ ചെറുതോണി പോലീസ് കേസ് എടുത്തിട്ടുണ്ട്.