കുവൈറ്റ് സിറ്റി: ഈദ് അവധി എത്തിയതോടെ കുവൈറ്റില്‍ വിമാന ടിക്കറ്റ് തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് തുടക്കം.
പണമടച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിരക്ക് കൂടിയെന്ന് പറഞ്ഞ് തട്ടിപ്പു സംഘം ഉപഭോക്താക്കളോട് പിന്നെയും പണം ആവശ്യപ്പെടും. 10 മുതല്‍ 30 ശതമാനം വരെ ഉയര്‍ന്ന നിരക്കാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് നല്കാന് തയ്യാറാകാത്തവരോട് ബുക്കിംഗ് റദ്ദ് ചെയ്യണമെന്നും, ഒരാഴ്ചയ്ക്കകം പണം അക്കൗണ്ടില്‍ എത്തുമെന്നും പറഞ്ഞ് സംഘം സമ്മര്‍ദ്ദം ചെലുത്തും.
എന്നാല്‍ ഈ പണം ഇവര്‍ പിന്നീട് നല്‍കുന്നില്ലെന്നാണ് തട്ടിപ്പിന് ഇരയായവരുടെ പരാതി. സ്വദേശികളും വിദേശികളുമടക്കം നിരവധി പേര് തട്ടിപ്പിന് ഇരയായതായാണ് റിപ്പോര്‍ട്ട്. കുവൈറ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കുവൈറ്റ് വാണിജ്യ മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ചു. അതേസമയം, കുവൈറ്റിന് പുറത്തും ഇതേ രീതിയില്‍ തട്ടിപ്പ് നടക്കുന്നുണ്ട്. കുവൈറ്റ് വിനിമയ മന്ത്രാലയത്തിന്റെ ഫോണ്‍ നമ്പർ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടക്കുന്നത്. ഇത് ശ്രദ്ധയില്‍പെട്ട അധികൃതര്‍ തട്ടിപ്പ് നടത്താന്‍ ഉപയോഗിക്കുന്ന നമ്പർ റദ്ദാക്കാന്‍ നടപടികള്‍ ആരംഭിച്ചു.